ബെയ്ജിംഗ്: തായ്വാനെ വളഞ്ഞ് ചൈനയുടെ വന്പൻ സൈനികാഭ്യാസം. അമേരിക്ക തായ്വാന് 11.1 ബില്യൻ ഡോളറിന്റെ സൈനികോപകരണങ്ങൾ വില്ക്കുമെന്നു പ്രഖ്യാപിച്ചതിന്റെ 11-ാം ദിവസമാണു ചൈന സൈനികാഭ്യാസം തുടങ്ങിയിരിക്കുന്നത്.
തായ്വാൻ വിഷയത്തിൽ പുറംകക്ഷി ഇടപെടുന്നതു തയാൻ ഉദ്ദേശിച്ചാണ് അഭ്യാസമെന്നും ചൈനീസ് സേന ഇന്നലെ വ്യക്തമാക്കി.
തായ്വാൻ ദ്വീപിനു ചുറ്റും കപ്പലുകളും അത്യാധുനിക ആയുധങ്ങളും വിന്യസിച്ചിരിക്കുകയാണ്. തായ്വാന്റെ വടക്ക്, തെക്ക് കടൽമേഖലകളിലേക്ക് റോക്കറ്റുകൾ വിക്ഷേപിച്ചുകൊണ്ട് പത്തു മണിക്കൂർ നീണ്ട വെടിവയ്പു പരിശീലനം ഇന്നലെയുണ്ടായി. ചൈനീസ് യുദ്ധവിമാനങ്ങൾ ആകാശത്തും കരയിലുമുള്ള ലക്ഷ്യങ്ങളെ നേരിടുന്നതിന്റെ പരിശീലനവും നടത്തി.
തായ്വാൻ വിഷയത്തിൽ ഇടപെടുകയോ ഇടപെടാൻ ശ്രമിക്കുകയോ ചെയ്യുന്നവരുടെ ശിരസ് ചൈനീസ് സേനയാകുന്ന ഇരുന്പുമതിലിൽ തട്ടി തകരുമെന്ന പ്രസ്താവന ചൈനീസ് അധികൃതർ ഇന്നലെ പുറത്തിറക്കി.
ജനാധിപത്യഭരണകൂടം നിലവിലുള്ള തായ്വാനെ വിഘടിത പ്രവിശ്യയായിട്ടാണ് ചൈന പരിഗണിക്കുന്നത്. ബലം പ്രയോഗിച്ചും തായ്വാനെ കൂട്ടിച്ചേർക്കുമെന്നതാണ് ചൈനയുടെ ഔദ്യോഗിക നയം.